ഗസ്സ സിറ്റി: ഗസ്സയിലെ യുദ്ധം മൂലം പൊണ്ണത്തടി കുറയുമെന്നും അത് അവിടെയുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നും പരാമര്‍ശം നടത്തിയ യു.കെ ആസ്ഥാനമായുള്ള ഇസ്രായേല്‍ അനുകൂല അഭിഭാഷക ഗ്രൂപ്പിനെതിരെ കടുത്ത വിമര്‍ശനം. മാസത്തിലേറെയായുള്ള ഇസ്രായേല്‍ ഉപ?രോധം മൂലം ഗസ്സയിലെ ഭക്ഷ്യക്ഷാമത്തെയും കൊടിയ പട്ടിണിയെയും കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടയില്‍ യു.കെ ലോയേഴ്സ് ഫോര്‍ ഇസ്രായേല്‍ (യു.കെ.എല്‍.എഫ്.ഐ) നടത്തിയ ക്രൂരമായ അധിക്ഷേപത്തെ ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ ശക്തമായി അപലപിച്ചു.
ഗസ്സ മുനമ്പിലെ കുട്ടികള്‍ പട്ടിണി, രോഗം, മരണം എന്നിവയുടെ വര്‍ധിച്ചുവരുന്ന അപകടസാധ്യത നേരിടുമ്പോള്‍ ശരീരഭാരം കുറക്കുന്നതിലൂടെ അവര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന 'യു.കെ ലോയേഴ്സ് ഫോര്‍ ഇസ്രായേല്‍' മേധാവിയുടെ പരാമര്‍ശം തികച്ചും ?പ്രതിലോമകരമാണ്. 'ഇസ്രായേലിനുവേണ്ടി' എന്നതിന്റെ അര്‍ത്ഥമെന്താണെന്നും ഗസ്സയിലെ വംശഹത്യയെ ന്യായീകരിക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ എത്രത്തോളം താഴ്ന്ന നിലയിലാണെന്ന് ഈ വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങള്‍ കൃത്യമായി വ്യക്തമാക്കുന്നുവെന്നും പി.എസ്.സി ഡയറക്ടര്‍ ബെന്‍ ജമാല്‍ പ്രതികരിച്ചു.
യു.കെ.എല്‍.എഫ്.ഐയുടെ രക്ഷാധികാരികളില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജോണ്‍ ഡൈസണ്‍, മുന്‍ കണ്‍സര്‍വേറ്റിവ് നേതാവ് മൈക്കല്‍ ഹോവാര്‍ഡ്, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയെയും പ്രതിനിധീകരിച്ചിരുന്ന ഡേവിഡ് പാനിക് കെസി എന്നിവരും ഉള്‍പ്പെടുന്നു. ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്ത ഗസ്സ അനുകൂല പ്രമേയത്തിന് മറുപടിയായി യു.കെ.എല്‍.എഫ്.ഐയുടെ ചീഫ് എക്‌സിക്യൂട്ടിവ് ജോനാഥന്‍ ടര്‍ണര്‍ ആണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സഹകരണ കൗണ്‍സിലിനോട് പ്രമേയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട ടര്‍ണര്‍,186000 പേരുടെ മരണസംഖ്യയെ അത് തെറ്റായി ഉദ്ധരിക്കുന്നുവെന്ന് വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിന്നുള്ള കണക്ക് 'തികച്ചും തെറ്റിദ്ധരിപ്പിക്കുന്നത്' ആണെന്ന് സഹകരണ ഗ്രൂപ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ടര്‍ണര്‍ എഴുതി. അത് പരോക്ഷമായ മരണങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കായിരുന്നുവെന്നാണ് ഉന്നയിച്ച വാദം.
'ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട് ഗസ്സയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ അവഗണിച്ചു. നിലവിലെ യുദ്ധത്തിന് മുമ്പ് ഗസ്സയിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്ന് അമിതവണ്ണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ'യാണ് അതെന്നും ടര്‍ണര്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ചതിനുശേഷം മരിച്ചവരുടെ എണ്ണം 52,000ത്തിലധികമാണെന്ന് ഗസ്സ ആരോഗ്യ അധികൃതര്‍ പറയുന്നു. യുദ്ധത്തിന്റെ ആദ്യ 12 മാസങ്ങളില്‍ ഗസ്സയിലെ ആയുര്‍ദൈര്‍ഘ്യം 34.9 വര്‍ഷം കുറഞ്ഞതായി ഒരു പ്രത്യേക പഠനത്തില്‍ ലാന്‍സെറ്റ് കണ്ടെത്തി. യുദ്ധത്തിനു മുമ്പുള്ള 75.5 വര്‍ഷത്തെ അപേക്ഷിച്ച് പകുതി (-46.3ശതമാനം)യോളമാണിത്.
അഭിപ്രായങ്ങള്‍ ക്രൂരമായ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് 'കൗണ്‍സില്‍ ഫോര്‍ അറബ് ബ്രിട്ടീഷ് അണ്ടര്‍സ്റ്റാന്‍ഡിങ്ങി'ന്റെ ഡയറക്ടര്‍ ക്രിസ് ഡോയല്‍ 'എക്സില്‍' എഴുതി. 2.3 ദശലക്ഷം ഫലസ്തീനികളെ അവരുടെ പൊണ്ണത്തടിയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി 'നിര്‍ബന്ധിത ഭക്ഷണക്രമത്തില്‍' ഉള്‍പ്പെടുത്തുന്നത് ഇസ്രായേല്‍ എത്ര 'ദയാലുവാണെ'ന്ന് കാണിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. യു.കെ.എല്‍.എഫ്.ഐയുടെ പരാതിയെത്തുടര്‍ന്ന് 2023ല്‍ ലണ്ടനിലെ ചെല്‍സിയും വെസ്റ്റ്മിന്‍സ്റ്റര്‍ ആശുപത്രിയും ഫലസ്തീന്‍ കുട്ടികളുടെ ഒരു കലാസൃഷ്ടി നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ജൂത രോഗികളെ 'ദുര്‍ബലരും, ഉപദ്രവിക്കപ്പെടുന്നവരും, ഇരകളാക്കപ്പെടുന്നവരുമാക്കി' എന്ന് സംഘം അവകാശപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു അത്. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിക്കുള്ള 30തോളം ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.കെ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.