യുകെയില്‍ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് വന്ധ്യംകരണത്തിനു തുല്യമായ ചികിത്സാ പദ്ധതി ആലോചിച്ച് യുകെ. ലോര്‍ഡ് ചാന്‍സലര്‍ ഷബാന മഹ്‌മൂദാണ് ഇതിന്റെ സൂചന നല്‍കിയത്. ലൈംഗിക ത്വര കുറയ്ക്കാനും, ലൈംഗിക ആലോചനകള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നുകളെ കുറിച്ചുള്ള തെളിവുകളുടെ ഡാറ്റാ ബേസ് തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കോമണ്‍സിനെ അഭിസംബോധന ചെയ്യുന്ന ഷബാന മഹ്‌മൂദ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ പ്രഖ്യാപിക്കും. ശിക്ഷാ കാലയളവില്‍ നല്ലനടപ്പിന് വിധേയമായ കുറ്റവാളികളെ കാല്‍ശതമാനം ശിക്ഷ അനുഭവിച്ച ശേഷം ടാഗ് ചെയ്ത് വിട്ടയയ്ക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കപ്പെടുന്നുണ്ട്.
20 മേഖലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വഴി ആയിരക്കണക്കിന് തടവുകാരെ വിട്ടയയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇതുവഴി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളിലെ അമിതമായ ആള്‍ത്തിരക്ക് പരിഹരിക്കാമെന്നും ജസ്റ്റിസ് മന്ത്രാലയം കരുതുന്നു.
റിവ്യൂ ചെയര്‍ ഡേവിഡ് ഗോക്ക് മുന്നോട്ട് വെച്ച 48 നിര്‍ദ്ദേശങ്ങളിലാണ് ഇത് ഉള്‍പ്പെടുന്നത്.
ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളിലും, ഗുരുതര അതിക്രമങ്ങളിലും ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ സ്വതന്ത്രമാക്കി സമൂഹത്തില്‍ ജീവിച്ച് കൊണ്ട് ശിക്ഷ അനുഭവിക്കാന്‍ വിടണമെന്ന നിര്‍ദ്ദേശവും ജസ്റ്റിസ് സെക്രട്ടറി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ശിക്ഷാ കാലയളവിന്റെ പകുതി അനുഭവിച്ചിരിക്കണമെന്ന നിബന്ധനയിലാകും ഈ നീക്കം. |