നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM) പദ്ധതിയുടെ ഭാഗമായി നടപ്പു സാമ്പത്തിക വര്‍ഷം കേരളാബാങ്ക് വഴി 100 കോടി രൂപയുടെ സംരംഭകവായ്പകള്‍ ലഭ്യമാക്കും. എന്‍ഡിപിആര്‍ഇഎം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, കേരളാ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുള്ള സംരംഭകവായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നതിനുളള സാധ്യതകളും ചര്‍ച്ച ചെയ്തു. ഇതിനായി പുതിയ സംരംഭക വായ്പ പദ്ധതി കേരളാ ബാങ്ക് അവതരിപ്പിക്കും. ഓഗസ്റ്റിനുശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകള്‍ സംഘടിപ്പിക്കാനും ധാരണയായി. പ്രവാസി പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ ലഭ്യമാക്കുമെന്നും കേരളാ ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന യോഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം ചാക്കോ, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ടി രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു.