ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യ സന്ദര്‍ശനത്തിന്. ഒക്ടോബര്‍ 8, 9 തീയതികളിലായാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടക്കുക. 'വിഷന്‍ 2035' രൂപരേഖയുടെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഈ സന്ദര്‍ശനം വഴിയൊരുക്കും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2025 ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ സന്ദര്‍ശിച്ചതിന് തുടര്‍ച്ചയായാണ് സ്റ്റാര്‍മറിന്റെ ഇന്ത്യ സന്ദര്‍ശനം. സമഗ്ര സാമ്പത്തിക വ്യാപാര കരാറും 'വിഷന്‍ 2035' പദ്ധതിയും പ്രയോജനപ്പെടുത്തി സാമ്പത്തികം, സാങ്കേതികം, തന്ത്രം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതന ആശയങ്ങള്‍, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ഉള്‍ക്കൊള്ളുന്ന 10 വര്‍ഷത്തെ സമഗ്ര പദ്ധതിയാണ് 'വിഷന്‍ 2035'.
ഒക്ടോബര്‍ 9-ന് മുംബൈയില്‍ വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരുമായി മോദിയും സ്റ്റാര്‍മറും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുകയും നയരൂപകര്‍ത്താക്കളും വ്യവസായ വിദഗ്ദ്ധരുമായും സംവദിക്കുകയും ചെയ്യും.
2025 ജൂലൈ 24-നാണ് ഇന്ത്യയും യുകെയും തമ്മില്‍ സമഗ്ര സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. ഈ കരാര്‍ പ്രകാരം ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99% ഉല്‍പ്പന്നങ്ങള്‍ക്കും യുകെയില്‍ തീരുവ ഒഴിവ് ലഭിക്കും. അതേസമയം, 90% യുകെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവയും നീക്കം ചെയ്യപ്പെടും. നിലവില്‍ ഏകദേശം 56 ബില്യണ്‍ യുഎസ് ഡോളറാണ് ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം. 2030 ഓടെ ഇത് ഇരട്ടിയാക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.