ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെര്‍ നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്റ്റാമെര്‍ ഇന്ത്യയിലെത്തുന്നതാണ്.
ഇന്ത്യ-ബ്രിട്ടന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറന്ന ജൂലൈ 24-നുള്ള വ്യാപാര ഉടമ്പടിക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്ന നിലയില്‍ പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഗാസ, യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചാവിഷയമാകും.
ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവച്ച 'കോംപ്രിഹെന്‍സീവ് ഇക്കണോമിക് ആന്‍ഡ് ട്രേഡ് എഗ്രിമെന്റിന്റെ' ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍ പുരോഗമിച്ചുവരികയാണ്. ഇതിന്റെ അവലോകനത്തിന് നേതാക്കളുടെ കൂടിക്കാഴ്ച വഴിയൊരുക്കും.
മുംബൈയില്‍ നടക്കുന്ന ആറാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ മുഖ്യ പ്രഭാഷകനായി പ്രധാനമന്ത്രി സ്റ്റാമെര്‍ പങ്കെടുക്കും. സന്ദര്‍ശനത്തിനിടെ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ആശയവിനിമയം നടക്കും.
അമേരിക്കയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുകള്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍, റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള ലോകശക്തികളുമായി ഇന്ത്യ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായി ബ്രിട്ടനുമായും സൗഹൃദം ശക്തിപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.
വ്യാപാര കരാറിന്റെ പ്രയോജനം പരമാവധി ലഭ്യമാക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ബ്രിട്ടനും താല്‍പര്യം കാണിക്കുന്നു. നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള കൂടിക്കാഴ്ചകളാകും ഈ സന്ദര്‍ശനത്തില്‍ നടക്കുക.