എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍. വിദേശ തൊഴിലാളികള്‍ക്കെതിരെ കടുത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും പ്രവര്‍ത്തനം സമീപഭാവിയില്‍ നിലയ്ക്കുമെന്ന മുന്നറിയിപ്പാണ് നഴ്‌സിംഗ് മേധാവികള്‍ നല്‍കുന്നത് . വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം തികഞ്ഞ അജ്ഞതയില്‍ നിന്നും ഉണ്ടായതാണെന്നും, റിഫോം യുകെയെ പ്രീതിപ്പെടുത്താനുള്ളതാണെന്നുമാണ് ആര്‍സിഎന്‍ കുറ്റപ്പെടുത്തുന്നത്. വിദേശ നഴ്‌സിംഗ് സ്റ്റാഫ് ജോലിക്ക് എത്തിയില്ലെങ്കില്‍ ബ്രിട്ടനിലെ ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ നിലച്ചു പോകുന്ന സ്ഥിതി വരെ സംജാതമായേക്കാം എന്നാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ പറയുന്നത്. നഴ്‌സുമാര്‍ക്ക് സ്ഥിരതാമാസത്തിനും പൗരത്വം നേടാനും മറ്റ് രാജ്യങ്ങള്‍ എളുപ്പ വഴികള്‍ ഒരുക്കുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വിപരീത ദിശയിലാണ് നീങ്ങുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. വിദേശ നഴ്‌സുമാര്‍ക്ക് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനും, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിനുമുള്ള സമയപരിധി ഇരട്ടിയാക്കുകയാണ് ലേബര്‍ സര്‍ക്കാര്‍. ടാക്‌സ്ഫ്രീ ചൈല്‍ഡ് കെയര്‍, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, ഹൗസിംഗ് സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കാലപരിധി അഞ്ച് വര്‍ഷം എന്നത് പത്ത് വര്‍ഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പാര്‍ട്ടി സമ്മേളന വേദിയില്‍ ഹോം സെക്രട്ടറി ഷബാന മെഹ്‌മൂദ് പ്രഖ്യാപിച്ചത് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് വിദേശ നേഴ്‌സുമാര്‍ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സന്നദ്ധസേവനത്തിന് തയ്യാറാവുകയും നിലവിലുള്ള നിരവധി ടെസ്റ്റുകള്‍ പാസാകുകയും വേണം എന്നായിരുന്നു.