|
ഇമിഗ്രേഷന്‍ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ പേരില്‍ 50,000-ഓളം നഴ്സുമാര്‍ യുകെ വിടാന്‍ സാധ്യതയെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്. ഇത് ശരിയായി മാറിയാല്‍ എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ രാഷ്ട്രീയ കളിയില്‍ എന്‍എച്ച്എസിലെ കുടിയേറ്റ നഴ്സുമാര്‍ ബലിയാടായി മാറുമെന്നാണ് ആശങ്ക ഉയരുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ സര്‍വ്വെയില്‍ വിദേശ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാരുടെ ആശങ്ക സുവ്യക്തമായിട്ടുണ്ട്.
നെറ്റ് മൈഗ്രേഷന്‍ നിയന്ത്രിക്കുമെന്നാണ് കീര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം. യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റ് ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷത്തിന് പകരം പത്ത് വര്‍ഷമാക്കി സമയപരിധി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ഗവണ്‍മെന്റ് പരിഗണനയിലാണ്.
വിദേശ ജോലിക്കാരുടെ സ്‌കില്‍ മാനദണ്ഡങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഡിഗ്രി ലെവലിലേക്ക് ഉയര്‍ത്താനും, എല്ലാ തരം വിസകള്‍ക്കും ഇംഗ്ലീഷ് ഭാഷാ നിലവാരം വര്‍ദ്ധിപ്പിക്കാനും, ഡിപ്പന്റഡ്സിന് ഉള്‍പ്പെടെ ഇംഗ്ലീഷ് നിലവാരം വേണമെന്ന നിബന്ധനയുമാണ് നടപടികള്‍. നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാണ് ഈ നീക്കമെന്നാണ് കരുതുന്നത്. |