പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പി എച്ച് ഡി കോഴ്സുകളില്‍ ഒഴികെ മാസ്റ്റേഴ്സ് ബിരുദം നേടാനെത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാട് മാറ്റം. രാജ്യത്തെ നിയമപരമായ കുടിയേറ്റം 700,000 എന്ന റെക്കോര്‍ഡില്‍ എത്തിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ ഡിപ്പെന്‍ഡന്റുമാര്‍ക്ക് 135,788 വിസകളാണ് അനുവദിച്ചത്. 2019-ലെ കണക്കുകളുടെ ഒന്‍പത് ഇരട്ടിയാണിത്. പുതിയ നീക്കം കുടിയേറ്റം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി സുനാക് മന്ത്രിമാരോട് പറഞ്ഞു. 2024 ജനുവരിയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറുന്നതോടെ എണ്ണത്തില്‍ സാരമായ മാറ്റം വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഔദ്യോഗിക ഇമിഗ്രേഷന്‍ ലെവലില്‍ ഇതിന്റെ പ്രത്യാഘാതം എത്രത്തോളമാണെന്ന് വ്യക്തമല്ല. ഒരു വര്‍ഷത്തില്‍ താഴേക്ക് യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെയും, കുടുംബാംഗങ്ങളുടെയും കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.
റിസേര്‍ച്ച് പ്രോഗ്രാമുകളായി കണക്കാക്കാത്ത കോഴ്സുകള്‍ക്കായി എത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്കും, കുട്ടികള്‍ക്കുമാണ് യുകെയില്‍ താമസിക്കാന്‍ അപേക്ഷ നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതി സംജാതമാകുന്നത്. ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ ഇക്കണോമിക് ഏരിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വിസ ഏര്‍പ്പെടുത്തിയതും, 2019-ല്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി കണ്ടെത്താന്‍ 2 വര്‍ഷം വരെ യുകെയില്‍ തുടരാനും അനുമതി നല്‍കിയതാണ് അപേക്ഷകളുടെ എണ്ണം ഉയര്‍ത്താന്‍ ഇടയാക്കിയത്. |