ഒക്ടോബര്‍ ഒന്ന് മുതല്‍ വര്‍ക്ക് ആന്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നുള്ള ആയിരം പേര്‍ക്ക് വീതം വിസ ലഭിക്കും. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് ആന്റ് ഹോളിഡേ വിസയാണ് ലഭിക്കുക. ഇത് പ്രകാരം 18 നും 30 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഓസ്‌ട്രേലിയയില്‍ താത്കാലികമായി താമസിക്കാം. ഇതിനുള്ള മാനദണ്ഡങ്ങള്‍ ഓസ്‌ട്രേലിയ നിശ്ചയിക്കുന്നതാണ്.
ഇന്ത്യ ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ 2022 ഡിസംബര്‍ മാസത്തിലാണ് നിലവില്‍ വന്നത്. ഇതില്‍ ഒപ്പുവച്ച സുപ്രധാനമായ ഒന്നായിരുന്നു വര്‍ക്ക് ആന്റ് ഹോളിഡേ വിസ.
കരാര്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിനായുള്ള ചര്‍ച്ചകള്‍ ഭരണ തലത്തില്‍ പുരോഗമിക്കുകയാണ്. വര്‍ഷം നൂറ് ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്ക് നടത്തിയെടുക്കണം എന്നതാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം. |