ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലായി വോട്ടര്‍മാര്‍ ദിവസം മുഴുവന്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ 145-160 സീറ്റുകള്‍ നേടി വന്‍ വിജയം നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം മഹാഗഠ്ബന്ധന് 73-91 സീറ്റുകള്‍ നേടും. രണ്ട് ഘട്ടങ്ങളിലും ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സ്വാധീനവും ഉണ്ടാകില്ലെന്നാണ് പ്രവചനം. ചാണക്യ സ്ടാറ്റജീസ് എക്‌സിറ്റ് പോള്‍ എന്‍ഡിഎക്ക് 130-138 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം മഹാഗഠ്ബന്ധന് 100-108 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ഒരു സീറ്റും നേടില്ലെന്നാണ് പ്രവചനം. റാലികള്‍, മൂര്‍ച്ചയേറിയ രാഷ്ട്രീയ സന്ദേശങ്ങള്‍, പല പ്രദേശങ്ങളിലും ഉയര്‍ന്ന പോളിങ് എന്നിവ കണ്ട ഒരു കടുത്ത പോരാട്ടത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിച്ചു. ഇനി ശ്രദ്ധ എക്സിറ്റ് പോളുകളിലേക്ക് മാറും. സംസ്ഥാനത്തെ നീണ്ടതും ചൂടുപിടിച്ചതുമായ പ്രചാരണം അവസാനിക്കുകയും ആകാംഷയ്ക്ക് വഴിമാറുകയും ചെയ്തു.