|
വെനസ്വലയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. ആക്രമണത്തിനു പുറകെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കിയെന്നു റിപ്പോര്‍ട്ട്. വെനസ്വേലന്‍ വിമാനത്താവളങ്ങളിലും അമേരിക്ക ആക്രമണം നടത്തി. ഏഴ് സ്ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ തെക്കന്‍ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍. അമേരിക്ക നടത്തിയത് ഗുരുതരമായ സൈനിക ആക്രമണമെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. യു എന്‍ രക്ഷാസമിതിയിലും യു എന്‍ സെക്രട്ടറി ജനറലിനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും വെനസ്വേല പരാതി നല്‍കുമെന്ന് സര്‍ക്കാര്‍.
അതേസമയം, പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.
ഇന്ത്യന്‍ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങല്‍ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലര്‍ച്ചെ പ്രാദേശികസമയം 1.50-നാണ് അമേരിക്ക വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ആക്രമണം ആരംഭിച്ചത്. |