|
ലോകമാകെ ശിവരാത്രി ആഘോഷിക്കുന്നു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, എറണാകുളം എറണാകുളത്തപ്പന്‍ ക്ഷേത്രം, പാലക്കാട് കല്‍പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, തൃശൂര്‍ മമ്മിയൂര്‍ ശിവക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ശിവരാത്രിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.
ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി. ചുരുക്കത്തില്‍ ശിവരാത്രി. ത്രിമൂര്‍ത്തികളില്‍ ഒരാളായ പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വ്രതവും ആഘോഷവുമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവര്‍ (പ്രത്യേകിച്ച് ശൈവര്‍) ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. മരിച്ചു പോയവരുടെ പിതൃകള്‍ക്ക് വേണ്ടി ബലി ഇടാനും ഈ ദിവസം പ്രധാനമാണ് എന്നാണ് വിശ്വാസം.
ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
സുരക്ഷയ്ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തും ക്ഷേത്ര പരിസരത്തുമായി വിന്യസിക്കും. സ്‌കൂബ ടീം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആംബുലന്‍സ് സേവനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. ഞായറാഴ്ച ആയതിനാല്‍ പതിവിലും കൂടുതല്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്. |