|
ബര്‍മിംഗ്ഹാം: ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ചു ക്നാനായ മിഷനുകളിലേയും, മാസ് സെന്ററുകളിലേയും അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ക്നാനായ കലോത്സവം 'തെക്കന്‍സ് ഫെസ്റ്റ്' ഏപ്രില്‍ 18 ശനിയാഴ്ച ബര്‍മിംഗ്ഹാമിനു സമീപമുള്ള ഡഡ്ലിയിലെ ബിഷപ്പ് മില്‍നര്‍ കാത്തലിക് കോളേജില്‍ വച്ച് നടക്കും.
രജിസ്ട്രേഷനുകള്‍ പൂര്‍ത്തിയാവുമ്പോള്‍ അറുന്നൂറു മത്സരാര്‍ത്ഥികള്‍ ആണ് വിവിധ കലാ മത്സരങ്ങളില്‍ മാറ്റുരായ്ക്കാനെത്തുന്നത്. ക്‌നാനായ തനതു കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും, യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കലാ-സാംസ്‌കാരിക വളര്‍ച്ചയും ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ കലാമേളയില്‍ 16 ഇനങ്ങളിലായി യുകെയിലെ ക്നാനായ കലാപ്രതിഭകള്‍ തങ്ങളുടെ സര്‍ഗാത്മക സൃഷ്ടികള്‍ അവതരിപ്പിക്കുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കലാപരിപാടികള്‍ ആസ്വദിക്കുന്നതിനുമായി നൂറുകണക്കിനാളുകള്‍ വിവിധ മിഷനുകളില്‍ നിന്നും എത്തിച്ചേരും. അവര്‍ക്കു വേണ്ട വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ആതിഥേയരായ ബര്‍മിംഗ്ഹാം ക്രൈസ്റ്റ് ദ കിംഗ് മിഷനും സംഘാടകരും.
കാണികളെ ആവേശത്തിലാക്കുന്ന തരത്തില്‍ വിഭാവനം ചെയ്ത് രണ്ട് റൗണ്ടുകളായി ഒരുക്കിയിരിക്കുന്ന 'ക്‌നാനായ മന്നന്‍' 'ക്നാനായ മങ്ക' മത്സരം കലാമേളയുടെ പ്രധാന ആകര്‍ഷക ഇനങ്ങളിലൊന്നാണ്. രാവിലെ 9:30 മുതല്‍ നാല് വേദികളിലായി തുടര്‍ച്ചയായി മത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് ഏഴു മണിക്കാണ് സമ്മാനദാന ചടങ്ങുകള്‍ നടക്കുക.
ഫാ. ഷഞ്ജു കൊച്ചുപറമ്പില്‍, ബെന്നി മാവേലി ല്‍, സോജന്‍ തോമസ്, ഷെറി ബേബി, മേബിള്‍ അനു എന്നിവരടങ്ങുന്ന മുഖ്യ സംഘാടക സമിതിയാണ് കലാമേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പതിനഞ്ചു ക്‌നാനായ മിഷനുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കോര്‍ഡിനേറ്റര്‍മാരാണ് കലാമേളയുടെ ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്.കലാമേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
മത്സരാര്‍ത്ഥികള്‍ക്കുള്ളരജിസ്ട്രേഷനും കാണികള്‍ക്കുള്ള പ്രവേശനവും പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് എത്തുന്നവര്‍ക്ക് രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണം നല്‍കുന്നതിനുവേണ്ടി വിവിധ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കലാമേളയിലേക്ക് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ക്നാനായ കാത്തലിക് മിഷന്‍ യുകെ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു. |