|
സൗതാംപ്ടണ്‍ അപ്ഹാം മില്ലേനിയം വില്ലേജ് ഹാളില്‍ ഏപ്രില്‍ 18-ന് നടത്തിയ ലൈവ് മ്യൂസിക് ഓര്‍ക്കസ്ട്ര പരിപാടി കലാസ്നേഹികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. കീര്‍ത്തന അവതരിപ്പിച്ച ശാസ്ത്രീയ സംഗീതാവതരണം പരിപാടിക്ക് പ്രത്യേക ഗൗരവവും കലാമൂല്യവും നല്‍കി.
തുടര്‍ന്ന് സാം, അരുണ്‍ ശശി, മാത്യു, അനീഷ് ജോര്‍ജ്, വിനോദ് ശശിധരന്‍, മിഥുന്‍, രാധിക എന്നിവര്‍ അവതരിപ്പിച്ച മധുരസ്മരണകളുണര്‍ത്തുന്ന ചലച്ചിത്രഗാനങ്ങള്‍ സദസ്സിന്റെ ഹൃദയം കവര്‍ന്നു, പരിപാടിയെ അവിസ്മരണീയമാക്കി.
സംഗീതപരിപാടിക്ക് മൃദംഗത്തില്‍ സംഗീതജ്ഞന്‍ രാജകൃഷ്ണന്‍ നേതൃത്വം നല്‍കിയ ലൈവ് ഓര്‍ക്കസ്ട്രയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. തബലയില്‍ സംഗീതജ്ഞനും ചലച്ചിത്രകലാകാരനും സംവിധായകനുമായ മനോജും, കീബോര്‍ഡില്‍ ഗായകനും കൂടിയായ മിഥുനും ചേര്‍ന്ന് സംഗീതാവതരണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും തിളക്കവും നല്‍കി.
നക്ഷത്ര, ദിയ, തമ്പുരു എന്നിവര്‍ അവതരിപ്പിച്ച മനോഹരവും ആവേശകരവുമായ നൃത്താവതരണം കാണികള്‍ക്ക് വിസ്മയകരമായ അനുഭവം സമ്മാനിച്ചു. പരിപാടിയുടെ സമഗ്രമായ ഏകോപനം ശ്രേയ, പൂര്‍ണിമ, ശ്യാമിലി, ശരണ്യ, സന്ധ്യ, രജനി, സ്മിത, ഓംപ്രകാശ്, സന്തോഷ്, മിനി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കലാപരിപാടികളോടൊപ്പം ഒരുക്കിയ സമൃദ്ധമായ വിഷു സദ്യ ആഘോഷത്തിന് കൂടുതല്‍ മിഴിവേകുകയും, പങ്കെടുത്തവര്‍ക്കു കേരളത്തിന്റെ പരമ്പരാഗത രുചികളും ഉത്സവാത്മാവും ഒരേസമയം അനുഭവിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. |