|
സണ്‍ ടിവിയിലെ ജനപ്രിയ പരമ്പരയായ 'കയലി'ലെ അഭിനയത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി സുഭാഷിണി ബാലസുബ്രഹ്‌മണ്യം (36) അന്തരിച്ചു. ചെന്നൈയിലെ വസതിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീലങ്കന്‍ സ്വദേശിനിയായ സുഭാഷിണി തമിഴ് സിനിമാ-സീരിയല്‍ മേഖലയില്‍ ഇടംപിടിക്കണമെന്ന ആഗ്രഹവുമായാണ് ചെന്നൈയില്‍ എത്തിയത്. കഠിനാധ്വാനത്തിലൂടെയും നിരന്തരമായ ഓഡിഷനുകളിലൂടെയുമാണ് താരം 'കയല്‍' എന്ന സീരിയലിലെ സുപ്രധാന വേഷത്തിലേക്ക് എത്തിയത്. വൈകാരികമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ തമിഴ് കുടുംബങ്ങളില്‍ അവര്‍ പ്രിയങ്കരിയായി മാറി. സിനിമകളിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ ദാരുണ അന്ത്യം.
പ്രാഥമിക പോലീസ് നിഗമനമനുസരിച്ച് നടി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവുമായി വീഡിയോ കോളിലൂടെ നടത്തിയ വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമമാവാം ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൂചനകളുണ്ട്. കൃത്യമായ മരണകാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. |