Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
മലയാളി അഭിഭാഷക ജയാ ജോര്‍ജി യുകെ കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍
reporter

ഇപ്‌സ്വിച്ച്: യുകെ രാഷ്ട്രീയത്തില്‍ മലയാളികളുടെ കരുത്തുറ്റ സാന്നിധ്യമായി അഭിഭാഷക ജയാ ജോര്‍ജി. സഫോക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വനിതയെന്ന ചരിത്രം ജയ കുറിക്കുന്നു.

കാഞ്ഞങ്ങാട് സ്വദേശിനിയായ ജയ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേംബ്രിജില്‍ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ ജോര്‍ജി ഏബ്രഹാമിന്റെ ഭാര്യയായി യുകെയിലെത്തിയതാണ്. ഇപ്‌സ്വിച്ചില്‍ താമസമാക്കിയ ജയ തുടക്കം മുതല്‍ തന്നെ ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വുമണ്‍ ഓഫീസര്‍, ദേശീയ സമ്മേളന പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമബിരുദത്തിന് പുറമെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ ജയ, നിലവില്‍ എന്‍എച്ച്എസില്‍ സേവനമനുഷ്ഠിക്കുന്നു. സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള ജയ, സഫോക്ക് ക്യാന്‍സര്‍ സപ്പോര്‍ട്ട് അംബാസിഡര്‍, ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, കമ്മ്യൂണിറ്റി മീഡിയ വൊളന്റിയര്‍, 'ഫ്യൂച്ചര്‍ ഫീമെയില്‍ സൊസൈറ്റി' സംഘാടക എന്നീ നിലകളില്‍ സജീവമാണ്.

കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ ജോസിന്റെയും കോളജ് പ്രഫസറായിരുന്ന മേരിക്കുട്ടിയുടെയും മകളായ ജയ, മാതാപിതാക്കളില്‍ നിന്ന് ലഭിച്ച സാമൂഹിക പ്രതിബദ്ധതയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ഭര്‍ത്താവ് ജോര്‍ജി ഏബ്രഹാമിന്റെ പൂര്‍ണ്ണ പിന്തുണയും ജയക്കുണ്ട്.

കര്‍ണാടകയിലെ മംഗളൂരു SDM ലോ കോളജില്‍ ഉപരിപഠനം നടത്തിയിരുന്ന ജയ, അന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇപ്‌സ്വിച്ചിലെ സാമൂഹിക മണ്ഡലത്തില്‍ മലയാളി സാന്നിധ്യമുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്ക് മലയാളി കടന്നുവരുന്നത് ഇതാദ്യമാണ്. ജയയുടെ ഈ ചുവടുവെപ്പ് യുകെയിലെ മലയാളി സമൂഹത്തിന് വലിയ ആവേശമാണ് പകരുന്നത്

 
Other News in this category

 
 




 
Close Window