ലണ്ടന്‍: ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച തുടരുകയാണ്. ബാക്ക്ബെഞ്ച് എംപിമാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാര്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തന്നെ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യമായേക്കാമെന്ന് ഉപദേശിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (സെറ്റില്‍ഡ് സ്റ്റാറ്റസ്) നേടാന്‍ ഇനി 10 വര്‍ഷം കാത്തിരിക്കണമെന്നതാണ് ഹോം സെക്രട്ടറി പരിഗണിക്കുന്ന പരിഷ്‌കാരങ്ങള്‍.
എന്നാല്‍, പബ്ലിക് സെക്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സെറ്റില്‍മെന്റ് ലഭിക്കുന്നതിന് അരികില്‍ നില്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യമാണ് സ്റ്റാര്‍മര്‍ പരിഗണിക്കുന്നത്. ബാക്ക്ബെഞ്ച് എംപിമാരുടെ രോഷം ശമിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദ്ദേശം മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നര്‍ ഉള്‍പ്പെടെ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതേസമയം, റിഫോം യുകെ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ശക്തമായ നടപടി വേണമെന്ന നിലയിലാണ് ഹോം സെക്രട്ടറി നീങ്ങുന്നത്. ഇതിനിടെ ഗ്രീന്‍ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയം ഗവണ്‍മെന്റിന് ആശങ്കയായി മാറിയിട്ടുണ്ട്.