ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് സാമ്പത്തികമായി അനുകൂലമായ സാഹചര്യമാകുന്നു. യുദ്ധഭീതിയും യാത്രാ തടസ്സങ്ങളും നിലനില്‍ക്കുന്നതിനിടയിലും രൂപയുടെ ഇടിവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാനുള്ള തിരക്കിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡ് താഴ്ചയായ 94.89 രൂപയായി ഇടിഞ്ഞിട്ടുണ്ട്. പൗണ്ടിനോട് താരതമ്യത്തില്‍ ഇത് 128.78 രൂപയിലേക്കും താഴ്ന്നു. ഇതോടെ ലോകത്തിലെ പല കറന്‍സികളോടും രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് തുടര്‍ന്നാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പൗണ്ട് മൂല്യം 130 രൂപയിലേക്ക് ഉയരാനിടയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ ദിര്‍ഹവുമായി താരതമ്യത്തില്‍ രൂപയുടെ മൂല്യം 25.83 രൂപയിലും, സൗദി റിയാല്‍ 25.29 രൂപയിലും, കുവൈറ്റ് ദിനാര്‍ 308.81 രൂപയിലും എത്തിയിട്ടുണ്ട്. ഇതോടെ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതല്‍ ലാഭകരമായ സാഹചര്യമായി മാറി. ഇതിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എക്സ്ചേഞ്ച് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. യുകെയിലുള്ള മലയാളികളും നാട്ടിലെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം അയക്കുന്ന തിരക്കിലാണ്.
കേരളത്തില്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം സംഭവിക്കാമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നിലനില്‍ക്കുന്നതിനിടെ, വീടുനിര്‍മാണം, സ്ഥലം വാങ്ങല്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്ക് പ്രവാസികള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. എന്നാല്‍ രൂപയുടെ ഇടിവ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതികൂല ഫലങ്ങളും ഉണ്ടാക്കും. ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അവയുടെ സ്പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് വില വര്‍ധിക്കും. ഇന്ധന വിലകളും ഇതോടെ കൂടുതല്‍ ഉയരാനിടയുണ്ട്. ഗ്യാസ്, പെട്രോള്‍, ഡീസല്‍ എന്നിവയുടെ നിലവിലെ ഉയര്‍ന്ന വിലകള്‍ക്ക് രൂപയുടെ ഇടിവ് കൂടി ബാധകമാകും.
യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രൂപയുടെ ഇടിവ് ഗുണകരമായിരുന്നാലും, വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ വെല്ലുവിളിയായി മാറും. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് ഫീസും ജീവിതച്ചെലവും നിറവേറ്റാന്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത വരും. അതേസമയം, സാമ്പത്തിക സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നു. പ്രത്യേകിച്ച് ക്രൂഡ് ഓയില്‍ ഇറക്കുമതി, ഇന്ധന വില നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് സര്‍ക്കാരിന് തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.