ലണ്ടന്‍: വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും നിന്ന് നീക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ബ്രിട്ടനിലെ സ്‌കൂളുകള്‍ക്ക് ശിശുസുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല രൂപത്തിലേക്ക് മാറ്റി ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും നാഷണല്‍ ക്രൈം ഏജന്‍സിയും പറയുന്നതനുസരിച്ച്, സ്‌കൂളുകളുടെ വെബ്‌സൈറ്റുകളിലെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും കുട്ടികളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയാണ് സൈബര്‍ കുറ്റവാളികള്‍. പിന്നീട് ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഒരു സെക്കന്‍ഡറി സ്‌കൂളിനെ ഇത്തരത്തില്‍ ലക്ഷ്യമിട്ടതായി ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ വെളിപ്പെടുത്തി. സ്‌കൂളിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും വെബ്‌സൈറ്റിലും നിന്നെടുത്ത വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മാറ്റിമറിച്ച് വ്യാജ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് ചിത്രങ്ങളാക്കി സൃഷ്ടിച്ചായിരുന്നു ഭീഷണി. ഏകദേശം 150 ചിത്രങ്ങള്‍ ബ്രിട്ടീഷ് നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടനിലെ സുരക്ഷാ മന്ത്രി ജെസ് ഫിലിപ്‌സ് ഈ സംഭവങ്ങളെ ''ഗൗരവകരമായ പുതിയ ഭീഷണി'' എന്നാണ് വിശേഷിപ്പിച്ചത്. എഐ ഉപയോഗിച്ച് ഇത്തരം വ്യാജ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരായ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ സുരക്ഷാ വിദഗ്ധരുടെ ഏര്‍ലി വാര്‍ണിങ് വര്‍ക്കിങ് ഗ്രൂപ്പ് സ്‌കൂളുകള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങള്‍ ഒഴിവാക്കുക, ദൂരത്തുനിന്നോ പിന്നില്‍നിന്നോ എടുത്ത ചിത്രങ്ങള്‍ ഉപയോഗിക്കുക, ഫോട്ടോകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ചേര്‍ക്കാതിരിക്കുക, വെബ്‌സൈറ്റുകളിലെയും സോഷ്യല്‍ മീഡിയയിലെയും സ്വകാര്യതാ ക്രമീകരണങ്ങള്‍ ശക്തമാക്കുക, പഴയ ചിത്രങ്ങള്‍ നിരന്തരം പരിശോധിച്ച് നീക്കം ചെയ്യുക, കുട്ടികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ എന്ന് വീണ്ടും വിലയിരുത്തുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. സ്‌കൂളുകളെയും കുട്ടികളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വ്യാപിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.