ലണ്ടന്‍: രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും അവര്‍ക്കു നിയന്ത്രിത വേദനസംഹാരികള്‍ ശരിയായ രേഖപ്പെടുത്തലില്ലാതെ നല്കിയതും തെളിഞ്ഞതിനെ തുടര്‍ന്ന് യുകെയില്‍ ഇന്ത്യന്‍ വംശജനായ ന്യൂറോസര്ജന് ഡോ. ചിരാഗ് പട്ടേലിനെ എട്ട് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. പട്ടേലിനെതിരെ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രൈബ്യൂണല്‍ സര്‍വീസ് ആണ് നടപടി സ്വീകരിച്ചത്. നട്ടെല്ലിലെ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയ സ്ത്രീക്ക് 2019-ല്‍ ഡോ. പട്ടേല്‍ രണ്ടുതവണ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടാം ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ഇരുവരും തമ്മില്‍ വ്യക്തിപരമായ ബന്ധം ആരംഭിക്കുകയും പിന്നീട് ലൈംഗികബന്ധത്തിലേക്ക് മാറുകയും ചെയ്തതെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. ഔദ്യോഗിക രേഖകളില്‍ രോഗിയെ 'ജമശേലി േഅ' എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്.
2023 ഫെബ്രുവരിയോടെ ബന്ധം വഷളായതിനെ തുടര്‍ന്ന് സ്ത്രീ ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് വിഷയം കാര്‍ഡിഫ് ആന്‍ഡ് വേല് യൂണിവേഴ്സിറ്റി ഹെല്‍ത്ത് ബോര്‍ഡിന്റെയും പിന്നീട് മെഡിക്കല്‍ ട്രൈബ്യൂണലിന്റെയും പരിഗണനയില്‍ എത്തുകയായിരുന്നു. ഡയാസെപാം, ഒപ്പിയോയിഡ് വിഭാഗത്തില്‍പ്പെടുന്ന വേദനസംഹാരികള്‍ ഉള്‍പ്പെടെ ആസക്തിക്ക് ഇടയാക്കാവുന്ന മരുന്നുകള്‍ ഡോക്ടര്‍ രോഗിക്ക് നിര്‍ദേശിച്ചതായും, അവ ഔദ്യോഗിക മെഡിക്കല്‍ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കുടുംബ ഡോക്ടറെ അറിയിച്ചില്ലെന്നും കണ്ടെത്തി.
രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതും അശ്ലീല ചിത്രങ്ങള്‍ അയച്ചതും ഡോ. പട്ടേല്‍ സമ്മതിച്ചു. ബന്ധം പുറത്തറിയിക്കുമെന്ന് രോഗി ഭീഷണിപ്പെടുത്തിയതിനാലാണ് താന്‍ ഇടപഴകല്‍ തുടര്‍ന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍, സ്വന്തം കരിയര്‍, കുടുംബബന്ധങ്ങള്‍, പ്രശസ്തി എന്നിവ സംരക്ഷിക്കുന്നതിനായി രോഗിയുടെ സുരക്ഷയും ചികിത്സാ നന്മയും അവഗണിച്ചതായി ട്രൈബ്യൂണല്‍ വിലയിരുത്തി. ഡോ. പട്ടേല്‍ ചെയ്തതു ഗുരുതരമായ പ്രൊഫഷണല്‍ വീഴ്ചയാണെന്നും രോഗികളുടെ സുരക്ഷയിലേക്കും മെഡിക്കല്‍ തൊഴില്മേഖലയിലേക്കുമുള്ള പൊതുജന വിശ്വാസത്തിലേക്കും ഇത് ബാധകമാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അദ്ദേഹത്തെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കണമെന്നു വാദിച്ചെങ്കിലും, ട്രൈബ്യൂണല്‍ എട്ട് മാസത്തെ സസ്പെന്‍ഷനില്‍ നടപടി പരിമിതപ്പെടുത്തി.