പടിഞ്ഞാറന്‍ യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ ശക്തമായ ''ഹീറ്റ് ഡോം'' കാരണം ഫ്രാന്‍സ്, ബ്രിട്ടന്, സ്പെയിന്, ജര്‍മനി, അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മേയ് മാസത്തില്‍ അസാധാരണമായ അത്യുഷ്ണം തുടരുന്നു. സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടിനോട് സമാനമായ താപനിലയാണ് പല ഭാഗങ്ങളിലും ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഫ്രാന്‍സില്‍ 350-ലധികം പട്ടണങ്ങളില്‍ മേയ് മാസത്തിലെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഫ്രഞ്ച് കാലാവസ്ഥാ വകുപ്പ് ഈ ചൂടിനെ ''അകാലത്തേയും ശ്രദ്ധേയവുമായ ദീര്‍ഘകാല ചൂട്'' എന്ന നിലയിലാണ് വിശേഷിപ്പിച്ചത്. ബ്രിട്ടനിലും മേയ് മാസത്തിലെ റെക്കോര്‍ഡുകള്‍ തകര്‍ന്നു. ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സ്, ഹീത്രോ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂട് രേഖപ്പെടുത്തി. കടുത്ത ചൂടില്‍ നിന്ന് ആശ്വാസം തേടി ജലാശയങ്ങളില്‍ ഇറങ്ങിയവരില്‍ നിരവധി പേര് മുങ്ങിമരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെ വെള്ളവുമായി ബന്ധപ്പെട്ട മരണങ്ങള് 11 ആയി ഉയര്‍ന്നതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
ചൂടിന്റെ സാമ്പത്തിക ആഘാതവും ഗൗരവമായ ആശങ്കയായി ഉയരുന്നു. തുടര്‍ച്ചയായ അത്യുഷ്ണം ജര്‍മനിയുടെ ഉല്പാദനക്ഷമതയെയും ഊര്ജച്ചെലവിനെയും ബാധിച്ച് 2030-ഓടെ വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കാമെന്ന് പുതിയ വിശകലനം മുന്നറിയിപ്പ് നല്കുന്നു. ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മേധാവി സൈമണ്‍ സ്റ്റീല്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. യൂറോപ്പിലെ ഈ റെക്കോര്‍ഡ് ചൂട് കാലാവസ്ഥാ പ്രതിസന്ധിയുടെ ''ക്രൂരമായ ഓര്‍മ്മപ്പെടുത്തല്‍'' ആണെന്നും കല്‍ക്കരി, എണ്ണ, വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ കത്തിക്കലാണ് മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗങ്ങളെ കൂടുതല്‍ ആവര്‍ത്തനപരവും അതിവിശാലവുമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിന് പുറമെ ഇന്ത്യയിലും കടുത്ത ചൂട് വലിയ ആശങ്ക സൃഷ്ടിക്കുന്നതായി യുഎന്‍ കാലാവസ്ഥാ മേധാവി ചൂണ്ടിക്കാട്ടി. ബുധനാഴ്ച ഉച്ചയോടെ ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിലെ ആദ്യ 45 സ്ഥാനങ്ങളും ഇന്ത്യയിലെ നഗരങ്ങളാണെന്ന് അന്താരാഷ്ട്ര എയര്‍ ക്വാളിറ്റി മോണിറ്ററിങ് പ്ലാറ്റ്ഫോമിന്റെ കണക്കുകള്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരോഗ്യ വിദഗ്ധര്‍ പൊതുജനങ്ങളോട് ആവശ്യത്തിന് വെള്ളം കുടിക്കാനും ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില് കൊള്ളുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായമായവര്‍, കുട്ടികള്‍, പുറംതൊഴിലാളികള്‍, ദീര്‍ഘകാല രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇനി ഭാവിയിലെ ഭീഷണിയല്ല, ഇപ്പോള്‍ തന്നെ മനുഷ്യജീവിതത്തെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്ന യാഥാര്‍ഥ്യമാണെന്ന സന്ദേശമാണ് യൂറോപ്പിലെ ഈ മേയ് ഉഷ്ണതരംഗം വീണ്ടും ലോകത്തിന് നല്‍കുന്നത്.