സ്‌കോട്ട്‌ലന്‍ഡ്: ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ഭര്‍ത്താവിനെ അറിയിക്കാന്‍ മലയാളി യുവതി തെരഞ്ഞെടുത്ത മാര്‍ഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഷെറിന്‍ തോമസ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവ് ജെറിന്‍ പുതുവന മാത്യുവിനെ അറിയിക്കാന്‍ പ്രത്യേകമായി നിര്‍മ്മിച്ച എഐ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം.
എഐ വീഡിയോയിലെ പ്രണയകാലം
വീഡിയോയ്ക്ക് മുകളിലും താഴെയുമായി രണ്ട് ഭാഗങ്ങളുണ്ട്. മുകളില്‍ ഇരുവരും വീഡിയോ കാണുന്ന ദൃശ്യങ്ങളാണെങ്കില്‍, താഴെ ഷെറിന്‍ നിര്‍മ്മിച്ച എഐ വീഡിയോയാണ്. ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ബസില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കോളേജ് ദിവസങ്ങളിലെ പ്രണയ നിമിഷങ്ങള്‍, വിവാഹാനന്തര ജീവിതം, സ്‌കോട്ട്‌ലന്‍ഡിലെ ആദ്യ വീട്, ജന്മദിനാഘോഷങ്ങള്‍ എന്നിവയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. ഒടുവില്‍ ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെടുത്തുന്ന രംഗത്ത് ഇരുവരും വികാരാധീനരായി കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിക്‌സെല്‍ വണ്ടറാണ് വീഡിയോ നിര്‍മ്മിച്ചത്.
സമൂഹമാധ്യമങ്ങളില്‍ വികാരാധീന പ്രതികരണം
വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഒരു കോടി എഴുപത്തിനാല് ലക്ഷം പേര്‍ വീഡിയോ കണ്ടു. പത്ത് ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുവെന്ന് പ്രതികരിച്ചു. ''പുഞ്ചിരിക്കുന്ന മുഖത്തോടെ ഞങ്ങളെ കരയിപ്പിച്ചതിന് നന്ദി'' എന്നായിരുന്നു ചിലരുടെ അഭിപ്രായം. തികച്ചും അപരിചിതരായവര്‍ക്ക് പോലും സന്തോഷം പകരുന്ന വീഡിയോയാണിതെന്ന് കാഴ്ചക്കാരുടെ പ്രതികരണങ്ങളില്‍ പറയുന്നു.
മലയാളി യുവതിയുടെ ഈ സൃഷ്ടി, ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നതിന് ഏറ്റവും മനോഹരമായ മാര്‍ഗങ്ങളിലൊന്നായി സമൂഹമാധ്യമങ്ങളില്‍ വിലയിരുത്തപ്പെടുന്നു