|
ഞായറാഴ്ച രാവിലെ ലണ്ടനില്‍ ഒരു ബസില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്സുമാര്‍ കത്തിയുമായി എത്തിയ ഒരു സ്ത്രീയുടെ ആക്രമണത്തിന് ഇരയായി. സംഭവം വംശീയ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി അന്വേഷണം നടത്തിവരികയാണ്.
താമസ സ്ഥലമായ ക്രോയ്ഡനില്‍നിന്ന് ജോലി സ്ഥലത്തേക്കു പോകാനായി നഴ്‌സുമാര്‍ ബസിലേക്ക് കയറിയപ്പോഴായിരുന്നു വംശീയ അധിക്ഷേപവും ആക്രമണവും നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് സമയം രാവിലെ ഏഴരയോടെ ടൗണ്‍ ബസ്സില്‍ ഡ്യൂട്ടിക്ക് ആയി പോകുന്ന വഴിക്കാണ് യാത്രക്കാരി കയറിയത്. വംശീയ അധിക്ഷേപം നടത്തുന്ന വാക്കുകള്‍ പ്രയോഗിച്ചുകൊണ്ട് യുവതികള്‍ക്ക് നേരെ ഇവര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒരു യുവതിക്ക് വയറ്റിലാണ് ചവിട്ടേറ്റത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് കയ്യിലിരുന്ന കത്തി വീശി ഇന്ത്യന്‍ യുവതികള്‍ക്ക് നേരെ ഇവര്‍ പാഞ്ഞടുത്തു. ബസ്സില്‍ ഉണ്ടായിരുന്നു തദ്ദേശീയരായ മറ്റു യാത്രക്കാര്‍ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനോടകം ഇവര്‍ മലയാളി യുവതികളെ മാരകമായി മര്‍ദ്ദിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ യുവതികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നത് ആയിട്ടാണ് പോലീസ് പറയുന്നത്. ലണ്ടനില്‍ ഇപ്പോള്‍ ദീര്‍ഘമായ അവധിക്കാലം ആണ്. അതിനാല്‍ തന്നെ സിറ്റി സര്‍വീസ് ബസ്സില്‍ യാത്രക്കാര്‍ കുറവാണ്. |