ലണ്ടന്‍: പുതുവത്സര തലേന്ന ലണ്ടനില്‍ നിന്ന് ദുബൈയിലേക്കു പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടിവന്നു. എയര്‍ബസ് A380-800 വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നമാണ് യാത്ര തടസ്സപ്പെടുത്തിയത്.
ലണ്ടന്‍ സമയം ഉച്ചയ്ക്ക് 1.40-ന് പുറപ്പെട്ട EK002 വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതോടെ യാത്ര റദ്ദാക്കി. പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റുമാര്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്ധനം ചെലവഴിക്കാന്‍ ഏകദേശം രണ്ട് മണിക്കൂറോളം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം, രാത്രി 8.28-ഓടെ ഹീത്രോ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ഏകദേശം 500 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ''യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മുന്‍കരുതല്‍ നടപടിയായി വിമാനം തിരിച്ചിറക്കുകയായിരുന്നു,'' എമിറേറ്റ്‌സ് വക്താവ് വ്യക്തമാക്കി.
അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍സ്, യാത്രക്കാരെ ദുബൈയിലേക്ക് എത്തിക്കുന്നതിനായി മറ്റ് വിമാനങ്ങളില്‍ റീ-ബുക്കിംഗ് സൗകര്യം ഒരുക്കി. ഒമ്പത് വര്‍ഷം പഴക്കമുള്ള എയര്‍ബസ് A380-800 വിമാനമാണ് തകരാറിലായത്