|
ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്.
25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമത്. ലോക റാങ്കിങ്ങില്‍ 572–ാം സ്ഥാനത്താണു രവി പിള്ള. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൗതുകകരമാണ്. ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കി മലയാളികളില്‍ മൂന്നാം സ്ഥാനത്തും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നാലാം സ്ഥാനത്തും എത്തി. 15,600 കോടി രൂപയാണു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി വര്‍ക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി. |