|
കാത്തലിക് സിറിയന്‍ ബാങ്കിനെ നിക്ഷേപത്തിന്റെ മറവില്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സിനു തീറെഴുതാന്‍ നീക്കം. ബാങ്കിന്റെ പകുതിയിലേറെ ഓഹരികളും ഇതിനകം തന്നെ കനേഡിയന്‍ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. നാളുകള്‍ക്കുമുമ്പ് ഇതേ കമ്പനി നിരക്ക് കൂടുതലാണെന്ന കാരണത്താല്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നതില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ അന്നവര്‍ ആവശ്യപ്പെട്ട നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ബാങ്കിന്റെ 51 ശതമാനം ഓഹരികളും രഹസ്യ ഇടപാടിലൂടെ വില്‍പ്പന നടത്തിയിരിക്കുന്നത്.
നാളെ തൃശൂരില്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം പ്രാബല്യത്തിലാക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. വിദേശ കമ്പനികള്‍ക്ക് ഓഹരി വില്‍പ്പന നടത്തുന്നത് സുതാര്യമല്ലെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്. ഓഹരികള്‍ വിറ്റഴിക്കുന്നതിന് പരമാവധി പ്രാദേശികമായ സ്രോതസുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം അംഗീകരിക്കാതെയാണ് ബാങ്കിങ്ങുമായി ബന്ധമൊന്നുമില്ലാത്ത വിദേശ കമ്പനിക്ക് പകുതിയിലേറെ ഓഹരികള്‍ വില്‍ക്കാന്‍ തയാറായത്. ബാങ്കിന്റെ 8.63 കോടി പുതിയ ഓഹരി കനേഡിയന്‍ സ്ഥാപനമായ ഫെയര്‍ ഫാക്‌സിന് വില്‍ക്കാനും നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം നിലവിലുള്ള 49 ശതമാനത്തില്‍നിന്ന് 74 ശതമാനമായി ഉയര്‍ത്താനും നാളെ ചേരുന്ന അസാധാരണ ജനറല്‍ ബോഡി അംഗീകാരം നല്‍കും. ഫെയര്‍ ഫാക്‌സിന്റെ ഉപസ്ഥാപനം എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്മന്റെ്‌സ് ലിമിറ്റഡ് ആണ് ഓഹരികള്‍ വാങ്ങുന്നത്. നിലവില്‍ ബാങ്കിങ് രംഗത്തില്ലാത്ത സ്ഥാപനമാണിത്. ഇതോടെ സി.എസ്.ബിയില്‍ മൊത്തം വിദേശ പങ്കാളിത്തം 63 ശതമാനമാകും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.ജി വൈശ്യ ബാങ്കില്‍ നെതര്‍ലന്‍ഡ്‌സിലെ ഐ.എന്‍.ജി ഗ്രൂപ്പ് വലിയ ഓഹരി ഉടമയാവുകയും ഐ.എന്‍.ജി വൈശ്യ പിന്നീട് കൊട്ടക് മഹീന്ദ്രയില്‍ ലയിപ്പിക്കുകയും ചെയ്തതിന് സമാന നീക്കങ്ങളാണ് സി.എസ്.ബിയില്‍ സംഭവിക്കുന്നത്. |