|
രാത്രികാലങ്ങളില്‍ ബാങ്കിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നവരെ ഓടിയ്ക്കാന്‍ വരാന്ത നിറച്ച് മുള്ളാണിയടിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ബ്രാഞ്ചിന്റെ നടപടിയാണ് വിവാദത്തിലായത്. സംഭവം കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ തറച്ച ആണി ഊരി അധികൃതര്‍ തടിതപ്പി.
ബാങ്കിന്റെ വരാന്തയില്‍ ആണി തറച്ചുവെച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഖേദപ്രകടനവുമായി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയത്. ബാങ്ക് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഫോര്ട്ട്ബ്രാഞ്ചില്‍ സൂചികള്‍ സ്ഥാപിച്ചിരുന്നതെന്ന് അധികൃതര്‍ മറുപടി നല്‍കുന്നത്. പിന്നാലെ മുള്ളാണികള്‍ നീക്കം ചെയ്യുകയും ചെയ്തു.
ചിത്രത്തിനെതിരെ പരിഹാസവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. അപകടാവസ്ഥയില്‍ മുള്ളാണി തറച്ചു വെച്ചിരിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സ്ത്രികളും കുട്ടികളുമുള്‍പ്പടെ നിരവധിപേര്‍ അനുദിനം വരുന്ന ബാങ്ക് വരാന്തയില്‍ ഇതു പാടുണ്ടോ എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. |