Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണില്‍ മദ്യശാല തുറന്നപ്പോള്‍ 1000 രൂപയുടെ ഫുള്‍ ബോട്ടില്‍ വില 1700 രൂപ: 70 ശതമാനം വില വര്‍ധന
Reporter
മദ്യത്തിന് 70 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. 'സ്‌പെഷല്‍ കൊറോണ ഫീ' എന്നപേരിലാണ് നികുതി നടപ്പാക്കുകയെന്ന് ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എംആര്‍പിയുടെ 70 ശതമാനം നികുതിയാണ് പുതുതായി ഈടാക്കുക. ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നനിരക്ക് ബാധകമാകുമെന്ന് ഉത്തരവില്‍ പറയുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 6.30 വരെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പൊലീസ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

ഇനിമുതല്‍ 1000 രൂപ വില വരുന്ന മദ്യത്തിന് 'സ്‌പെഷല്‍ കൊറോണ ഫീ' ഉള്‍പ്പെടെ 1,700 രൂപ നല്‍കേണ്ടി വരും. ലോക്ഡൗണില്‍ വില്‍പന നികുതി വരുമാനം കുറഞ്ഞ ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക നികുതിയിലൂടെ കൂടുതല്‍ വരുമാനമാണ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

അധിക ലോക്ഡൗണിന്റെ ഭാഗമായി ചില നിയമങ്ങള്‍ക്ക് ഇളവു നല്‍കിയ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും മദ്യത്തിന് 70 ശതമാനം പ്രത്യേക അധിക നികുതി ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്തതായാണ് പേരു വെളിപ്പെടുത്താത്ത ചിലരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഏപ്രിലില്‍ ഡല്‍ഹിയില്‍ 3,500 കോടി രൂപയുടെ നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ലോക്ഡൗണില്‍ അത് 300 കോടി രൂപ മാത്രമായി ഇടിഞ്ഞിരുന്നു.

ലോക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ തിങ്കളാഴ്ച തന്നെ മദ്യവില്‍പന തുടങ്ങിയിരുന്നു. അകലം പാലിക്കണമെന്ന് കര്‍ശന നിയന്ത്രണമുണ്ടായിരുന്നെങ്കിലും മിക്കയിടത്തും വന്‍തിക്കും തിരക്കുണ്ടായി. മദ്യഷാപ്പുകള്‍ അടച്ചിടുകയും ഡല്‍ഹിയില്‍ പൊലീസ് ലാത്തി വീശുന്ന സ്ഥിതിയുമുണ്ടായി.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങളോടെ മദ്യവില്‍പന തുടങ്ങിയത്. കൗണ്ടറുകള്‍ തുറന്നതോടെ പലയിടത്തും നിയന്ത്രണം കൈവിട്ടു. ഡല്‍ഹി ദരിയാഗഞ്ചിലാണ് മദ്യത്തിനായി കൂട്ടംകൂടിയവരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശിയത്. വേവുവോളം കാത്തിരിക്കാമെങ്കില്‍ ആറുവോളം കാത്തിരിക്കാമെന്ന് മനസില്‍ പറഞ്ഞ് ക്ഷമയോടെ അകലം പാലിച്ച് സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റി കിലോമീറ്റര്‍ നീളുന്ന ക്യൂ നിന്ന് മദ്യം വാങ്ങി മടങ്ങിയവരുമുണ്ട്.

ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തിങ്കളാഴ്ച തുറന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിംഗ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല. ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതി നല്‍കിയില്ല.
 
Other News in this category

 
 




 
Close Window