Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
150 രാജ്യങ്ങളില്‍ മനുഷ്യാവകാശ സംരക്ഷണം നടത്തുന്ന ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു
Reporter
ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച ആംനസ്റ്റി ഇന്റര്‍നാഷണലിന് എതിരെ കേന്ദ്രസര്‍ക്കാര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആംനസ്റ്റി പറഞ്ഞ കാരണങ്ങള്‍ ഊതി പെരുപ്പിച്ചതാണെന്നും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

വിദേശത്തു നിന്നും ധനസമാഹരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറെ നാളായി അന്വേഷണം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ആംനെസ്റ്റിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്‌സമെന്റിന്റെ റെയ്ഡും പതിവായിരുന്നു. സെപ്റ്റംബര്‍ പത്തോടുകൂടി രാജ്യത്തെ തങ്ങളുടെ എല്ലാ അക്കൗണ്ടുകളും സര്‍ക്കാര്‍ മരവിപ്പിച്ചെന്നും ഇനിയും ഉപദ്രവം സഹിച്ച് മുന്നോട്ടു പോകാനാകില്ലെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 40 ലക്ഷത്തോളം പേര്‍ രാജ്യത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. 1 ലക്ഷം പേര്‍ സാമ്പത്തികമായും സഹായിക്കുന്നു. ഇതൊന്നും 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. എന്നിട്ടും ഉപദ്രവം തുടരുകയാണ്.

ഇന്ത്യയിലെ എല്ലാ നിയമങ്ങളും അനുസരിച്ചാണ് ഇതുവരെ സംഘടന പ്രവര്‍ത്തിച്ചതെന്നും തങ്ങള്‍ക്കെതിരായുള്ള കേസുകളില്‍ നിയമപോരാട്ടം തുടരുമെന്നും അവിനാശ് കുമാര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 1861 മുതല്‍ ലോകത്ത് 150 രാജ്യങ്ങളിലായി മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ എന്‍ജിഒ ആയാണ് രജിസ്റ്റര്‍ ചെയ്തത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുതല്‍ ഡല്‍ഹി കലാപത്തിലെ പോലീസിന്റെ പങ്കിനെ കുറിച്ചു വരെ നിരന്തരം ഗവേഷണ റിപ്പോര്‍ട്ടുകള്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് കാരണമെന്നാണ് വിമര്‍ശനം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന് കാട്ടി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 14,500 എന്‍ജിഒകളുടെ അംഗീകാരം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
 
Other News in this category

 
 




 
Close Window