Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാനൂരിലെ വിഷ്ണു പ്രിയയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ ശ്യാംജിത്തിന് ജീവപര്യന്തം ജയില്‍ ശിക്ഷ
Text By: Team ukmalayalampathram
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി എ ശ്യാംജിത്തിന് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ വി മൃദുലയാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. യുവതിയുടെ മുന്‍ സുഹൃത്ത് മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്ത് (25) ആണ് കേസിലെ ഏക പ്രതി. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.

2022 ഒക്ടോബര്‍ 22നാണ് വിഷ്ണുപ്രിയ (23) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു. പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടന്‍ ഫോണ്‍ കട്ടാവുകയുമായിരുന്നു.

ബാഗില്‍ മാരക ആയുധങ്ങളുമായിട്ടാണ് ശ്യാംജിത്ത് എത്തിയത്. കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് ശ്യാംജിത്ത് യുവതിയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ രക്ഷപ്പെട്ടു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി.
 
Other News in this category

 
 




 
Close Window