ലണ്ടന്‍: റഷ്യയുടെ ഉക്രെയിന് അധിനിവേശത്തിന് പ്രകോപനം സൃഷ്ടിച്ചത് പാശ്ചാത്യ സഖ്യമാണെന്ന വാദം ആവര്‍ത്തിച്ച് നിഗല്‍ ഫരാഗ്, പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയ റിഫോം യുകെ നേതാവ് താനൊരു പുടിന് അനുകൂലിയോ, ന്യായീകരണക്കാരനോ അല്ലെന്നും കൂട്ടിച്ചേര്‍ത്തു. ബിബിസി അഭിമുഖത്തിലാണ് അടുത്ത കാലത്ത് നാറ്റോയും, ഇയു വിപുലീകരണ ശ്രമങ്ങളുമാണ് കിഴക്കന്‍ യൂറോപ്പിനെ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടതെന്ന് നിഗല്‍ ഫരാഗ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി ഋഷി സുനാകും, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും പ്രസ്താവനയെ അപലപിച്ചിരുന്നു. പുടിന് അനുകൂലമായ വാദങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു, നാണക്കേടാണ് പറയുന്നതെന്ന് ലേബര്‍ നേതാവും കുറ്റപ്പെടുത്തി.
എന്നാല്‍ ഇതിന് പിന്നാലെ ടെലിഗ്രാഫ് പത്രത്തില്‍ എഴുതിയ ലേഖനത്തിലും തന്റെ വാദങ്ങള്‍ ഫരാഗ് ആവര്‍ത്തിച്ചു. 'ഉക്രെയിനിലെ പാശ്ചാത്യ തെറ്റുകള്‍ ഗുരുതരമായി മാറി. സത്യം പറഞ്ഞതിന് ഞാന്‍ മാപ്പ് പറയില്ല', ഫരാഗ് എഴുതി. പുടിന്റെ ഉക്രെയിന് അധിനിവേശം സദാചാരവിരുദ്ധവും, രോഷം ഉയര്‍ത്തുന്നതുമാണ്. ദേശത്തിന്റെ പരമാധികാരത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഉക്രെയിനിലെ അധിനിവേശം തെറ്റാണെന്ന കാര്യത്തില്‍ സംശയമില്ല. പുടിന്റെ അധിനിവേശത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല, ഫരാഗ് വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പുടിന് അനുകൂലമായി കാര്യങ്ങള്‍ നീക്കുകയാണ് പാശ്ചാത്യ സഖ്യം ചെയ്തതെന്ന് റിഫോം യുകെ നേതാവ് പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ചെയ്യാന്‍ ആഗ്രഹിച്ച വിഷയത്തിന് പുടിന് ന്യായം ഉണ്ടാക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.