കൊച്ചി പിറവത്ത് ഇതരസംസ്ഥാന തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവത്തില്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. വിഷയം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോടു ചേര്‍ന്ന പട്ടിക്കൂട്ടില്‍ ബംഗാള്‍ സ്വദേശിയായ ശ്യാം സുന്ദറിനെ വാടകയ്ക്കു താമസിക്കുന്നതു വാര്‍ത്തയായതോടെയാണ് മന്ത്രിയുടെ നടപടി.
മൂന്നു മാസമായി ശ്യാം സുന്ദര്‍ 500 രൂപ വാടക നല്‍കി പട്ടിക്കൂട്ടിലാണ് താമസിക്കുന്നത്. സമ്പന്നന്റെ വീടിനു പുറകിലുള്ള പഴയ വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്നുണ്ട്. അവിടെ താമസിക്കാന്‍ പണമില്ലാത്തതിനാലാണ് 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ ശ്യാം സുന്ദര്‍ പറയുന്നത്.
പരസ്യം ചെയ്യല്‍
ശ്യാം സുന്ദര്‍ കേരളത്തിലെത്തിയിട്ട് നാലുവര്‍ഷമായി. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുമുണ്ട്. അടുത്തുള്ള വീട്ടില്‍ വാടകക്കാര്‍ ഉണ്ടെന്നും ശ്യാം സുന്ദര്‍ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പ്രതികരിച്ചു. വീട്ടുടമയുടെ വീടിനോട് ചേര്‍ന്നാണ് പട്ടിക്കൂട്. സംഭവമറിഞ്ഞ നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. |