തിരുവനന്തപുരത്തിനടുത്തു മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടത്തില്‍ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്. ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പോത്തിനെ കണ്ടത്. പിന്നാലെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരേയും പൊലീസിനെയും വിവരമറിയിച്ചു.
ടെക്നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഇവിടെ സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫിസുകളുമാണ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ കാട്ടുപോത്തിനെ കാണുന്നത് ആദ്യമാണ്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളില്‍ നിന്നും അന്‍പതോളം വനപാലകരും ആര്‍ആര്‍ടി സംഘവും സ്ഥലത്തത്തി. |