കേരളത്തിലെ ബെവ്‌ക്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ ദ്വീപ് ഭരണകൂടം തീരുമാനിച്ചു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി മദ്യം എത്തിക്കും. കേരളത്തിന്റെ മദ്യ വിതരണ ശൃംഖലയായ ബെവ്‌കൊയാണ് മദ്യം ലക്ഷദ്വീപില്‍ എത്തിക്കുക.
മദ്യം വില്‍ക്കാനായി സംസ്ഥാന സര്‍ക്കാര്‍ ബെവ്‌ക്കോയ്ക്ക് അനുമതി നല്‍കി ഉത്തരവിറക്കി.മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വില്‍പ്പന നടത്താന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചത്.
പൂര്‍ണമായും കേരളസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ കമ്പനിയാണ് ബെവ്‌കോ. ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലേക്കാണ് ബെവ്‌കോ മദ്യമെത്തിക്കുക. ലക്ഷദ്വീപ് പ്രൊമോഷണല്‍ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.
കൊച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗമായിരിക്കും മദ്യം കടല്‍ കടക്കുന്നത്. നേരത്തെ ലക്ഷദ്വീപില്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ പറ്റി പഠിച്ച എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നല്‍കാമെന്ന് കേരളം സമ്മതിച്ചത്. |