ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. കേസില്‍ മുകേഷ് നേരത്തേ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
അതേസമയം, ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടന്‍ സിദ്ധിഖിനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും.
അതേസമയം സിദ്ധിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ധിഖ് ഇല്ല. അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അറസ്റ്റിന് തടസമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ധിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പൊലീസ് പറയുന്നത്. |