രണ്ടര കിലോഗ്രാമിലേറെ സ്വര്‍ണാഭരണങ്ങളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനല്‍ സംഘം കാറും സ്വര്‍ണവും തട്ടിയെടുത്ത് കടന്നു. കോയമ്പത്തൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ ജുവലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാന്‍ അരുണ്‍ സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് സംഘം കവര്‍ന്നത്.
അരുണിന്റെ കഴുത്തില്‍ കത്തിവച്ച ശേഷം സ്വര്‍ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പറയിക്കാന്‍ ചുറ്റിക ഉപയോഗിച്ച് തുടയില്‍ പലവട്ടം അടിക്കുകയായിരുന്നു. അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം സ്വര്‍ണം സഹിതം കാറുമായി പ്രതികള്‍ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. |