തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ഞായറാഴ്ച വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സ്റ്റാലിന്റെ മകനും കായിക-യുവജനക്ഷേമ മന്ത്രിയുമായ 46കാരനായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയില്‍ ശക്തിയാര്‍ജിക്കും. ഡിഎംകെയില്‍ ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി. കൈക്കൂലിക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തില്‍ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉടന്‍ പുനഃസംഘടനയുണ്ടാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
സെന്തില്‍ ബാലാജി ഉള്‍പ്പെടെ നാലുപേരെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉള്‍പ്പെടെ മൂന്നുപേരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. സെന്തില്‍ ബാലാജിയെ കൂടാതെ ഡോ. ഗോവി ചേഴിയാന്‍, ആര്‍ രാജേന്ദ്രന്‍, എസ് എം നാസര്‍ എന്നിരാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. |