എഡിഎം നവീന്‍ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാല് മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവര്‍ തന്നെയാണ് നവീന്‍ ബാബുവിന് അന്ത്യകര്‍മങ്ങള്‍ ചെയ്തതും ചിതയ്ക്ക് തീ പകര്‍ന്നതും. സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
വന്‍ ജനാവലിയാണ് നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വീടിന് മുന്നില്‍ കാത്തിരുന്നത്. ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീന്‍ ബാബുവിന്റെ വീട്ടിലേക്ക് എത്തി. റവന്യൂ മന്ത്രി കെ രാജനും ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്.
എല്‍ഡി ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച നവീന്‍ ബാബു 2010ലാണ് ജൂനിയര്‍ സൂപ്രണ്ടായത്. കാസര്‍ഗോഡായിരുന്നു പോസ്റ്റിംഗ്. 2022ല്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി. വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരില്‍ നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതും ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുന്നതും. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. |