മുനമ്പം വിഷയത്തില്‍ മുന്നറിയിപ്പുമായി കെസിബിസി. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സമരരീതിയും സമരസ്ഥലവും മാറുമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് ഭാവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇവിടെ നിലനില്‍പ്പ് വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. മുനമ്പത്തെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
ഒട്ടേറെ വിഷയങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുമ്പോള്‍ പക്വമായ തീരുമാനമെടുക്കാത്ത സമീപനം ഈ ജനതയുടെ ക്ലേശം വര്‍ദ്ധിപ്പിക്കുന്നു. ജനതയുടെ ക്ലേശങ്ങളില്‍ എന്ത് തീരുമാനം എടുത്തു. ഈ മുനമ്പില്‍ താമസിക്കുന്ന ജനങ്ങളെ കുറിച്ച് എന്ത് തീരുമാനം എടുക്കാന്‍ പോകുന്നു. പക്വമായ നീണ്ടുനില്‍ക്കുന്ന ഒരു പരിരക്ഷ ഈ ജനങ്ങള്‍ക്ക് ലഭിക്കണം. ഇത് പരിഹരിക്കപ്പെടണമെന്നുള്ള അഭിപ്രായം പല കോണുകളില്‍ നിന്ന് ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു. ഇവിടുത്തെ സാധാരണകാരോട് ഒപ്പം നില്‍ക്കാന്‍ സര്‍ക്കാരിന് എന്താണ് മടി. തിരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും. ആ സമയത്തുള്ള മൗനം നമുക്ക് മനസ്സിലാക്കാം. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞും നിങ്ങള്‍ക്ക് ഇവിടെ നിലനില്‍പ്പ് വേണ്ടേ. കേരളത്തിലെ കത്തോലിക്ക സഭ ഇവരോടൊപ്പം അവസാനം വരെയും ഉണ്ടാകും - കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. |