48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 28 ഇടത്ത് ബിജെപി സഖ്യം വിജയം നേടി. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയിലൂടെ നിലനിര്‍ത്തിയപ്പോള്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിളങ്ങുന്ന വിജയത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം ഉയര്‍ത്തിയ ഒന്നിച്ച് നിന്നാല്‍ നമ്മള്‍ സേഫാണ് എന്ന മുദ്രാവാക്യം ഇന്ത്യ ഏറ്റെടുത്ത മഹാമന്ത്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ മുന്നണി ഉയര്‍ത്തിയ നെഗറ്റീവ് പൊളിറ്റിക്സിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കോണ്‍ഗ്രസ് ഇത്തിക്കണ്ണിയാണെന്നും ഒപ്പം നില്‍ക്കുന്നവരെക്കൂടി അത് നശിപ്പിക്കുമെന്ന് ഉറപ്പായെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷവും വികസനത്തില്‍ മഹാരാഷ്ട്ര കുതിക്കുമെന്നും കസേര നോക്കി മാത്രം പ്രവര്‍ത്തിക്കുന്നവരെ ജനം തള്ളിക്കളയുമെന്നും മോദി പറഞ്ഞു. |