വാളയാര്‍ കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ തിരുവനന്തപുരം യൂണിറ്റ് കൊച്ചി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 6 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ജനുവരി 13, മാര്‍ച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായ വിവരം നേരത്തെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികള്‍ ബലാത്സംഗത്തിനിരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല എന്ന കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഇവരെ പ്രതികളാക്കിയത്. ബലാത്സംഗ പ്രേരണാ കുറ്റം, പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. |