കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. മൈനാഗപ്പള്ളി സ്വദേശിനി ശ്യാമ (26)യെ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് രാജീവ് മൊഴി നല്‍കി. കൊലയ്ക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.
ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിളിച്ചു തരണമെന്ന് ആവശ്യപ്പെട്ട് രാജീവ് നാട്ടുകാരെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും ശ്യാമയുടെ മരണം സംഭവിച്ചിരുന്നു. തന്റെ ഭാര്യ നിലത്തു വീണു എന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു വാഹനം വിളിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രാജീവ് നാട്ടുകാരെ സമീപിച്ചത്. |