വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് (45) മരിച്ചത്. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു.
മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവര്‍ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. 11 ലക്ഷം രൂപയാണ് കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് അടിയന്തര സഹായമായി കൈമാറിയത്.
കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം കടുവയെ വെടിവച്ച് കൊല്ലണം എന്നതാണ്. ഇന്നു തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. |