|
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. 60 ത് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. മരണപ്പെട്ടവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ സൂചിപ്പിക്കുന്നു.
മരിച്ചവരില്‍ കര്‍ണാടകയില്‍ നിന്നും നാല് പേരും, അസമില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു. നിലവില്‍ 5 പേരെയാണ് തിരിച്ചറിയാന്‍ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.
അതിനിടെ തിക്കും തിരക്കും കൂടാന്‍ പ്രധാനകാരണം വിഐപി സന്ദര്‍ശനമാണെന്ന റിപ്പോര്‍ട്ടുകള്‍ യുപി പൊലീസ് തള്ളി. ഇന്ന് വിഐപി സന്ദര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മൗനി അമാവാസിയോട് അനുബന്ധിച്ച് പുണ്യ സ്‌നാനത്തിനായി പതിനായിരക്കണക്കിന് ആളുകള്‍ പുലര്‍ച്ചെ ത്രിവേണി സംഗമത്തില്‍ തടിച്ച് കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്. ആളുകളെ വേര്‍പിരിക്കാനായി കെട്ടിയ അഖാഡമാര്‍ഗിലെ ബാരിക്കേടുകള്‍ തകര്‍ന്ന് നിരവധി പേര്‍ നിലത്ത് വീണതാണ് അപകടത്തിന് കാരണം. |