ഉണ്ണി മുകുന്ദന്‍ നായകനായി 100 കോടി ക്ലബ്ബില്‍ കയറിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം മാര്‍ക്കോയിലെ വയലന്‍സ് രംഗങ്ങള്‍ കണ്ടിരിക്കാന്‍ സാധിച്ചില്ലായെന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ചിത്രം റിലീസായ സമയം ചിത്രത്തെ പ്രകീത്തിച്ചുകൊണ്ട് സംവിധായകന്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റ് രാജ്യമാകെ ചര്‍ച്ചയായിരുന്നു.
ഗലാട്ട തെലുങ്കുവിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയ്ക്കുള്ളിലെ വയലന്‍സിനെ പറ്റി വാചാലനാകുകയായിരുന്നു രാം ഗോപാല്‍ വര്‍മ്മ. ''ഞാന്‍ എന്റെ സിനിമകളില്‍ വളരെയധികമൊന്നും വയലന്‍സ് കാണിക്കാത്ത ഒരാളാണ്. രക്തച്ചൊരിച്ചില്‍ ഒന്നും എന്റെ ചിത്രങ്ങളില്‍ അധികം കാണാന്‍ കഴിയില്ല. എന്നിട്ടും അവയൊക്കെ വളരെ വയലന്റ് ആണെന്ന് ആളുകള്‍ പറയാറുണ്ട്. എന്റെ സാമാന്യബുദ്ധിക്ക് വയലന്റ് ആണെന്ന് തോന്നുന്നവ മാത്രമേ ഞാന്‍ നിര്‍മ്മിക്കുകയും ആസ്വദിക്കുകയും ചെയ്യാറുള്ളു. എന്നാല്‍ മാര്‍ക്കോ സിനിമയിലെ വയലന്‍സൊന്നും എനിക്കൊട്ടും കണ്ടിരിക്കാന്‍ സാധിച്ചതേയില്ല'' രാം ഗോപാല്‍ വര്‍മ്മ പറയുന്നു. |