നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളം പിറവം സ്വദേശിയാണ്. മറ്റൊരു കേസില്‍ അതിജീവിതയുടെ കുടുംബത്തോട് മനുവിന്റെ ഭാര്യ ക്ഷമ ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ജൂലൈയിലാണ് ജാമ്യത്തിലിറങ്ങിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി.
2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ഒക്ടോബറില്‍ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാന്‍ എത്തിയത്. 2023 നവംബര്‍ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. |