ലണ്ടന്‍/തൃശൂര്‍: യുകെയില്‍ വിദ്യാര്‍ഥി വീസയിലെത്തി ശേഷം കാണാതായ തൃശൂര്‍ ചാലക്കുടി സ്വദേശിയായ യുവാവിനെ കണ്ടെത്തി ലണ്ടനിലെ മലയാളി സമൂഹം. ഒപ്പം കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലും കൂടിയായപ്പോള്‍ യുവാവിനെ നാട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ക്കും തുടക്കമായി. 2021 ല്‍ യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ പഠനത്തിന് എത്തിയ സൗരവ് സന്തോഷിനെ (26) ഫെബ്രുവരി മുതലാണ് കാണാതായത്. പഠനം പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സൗരവ് നാട്ടിലുള്ള മാതാപിതാക്കളെ ബന്ധപ്പെടുന്നില്ലെന്ന് യുകെയിലുള്ള മലയാളികളായ പൊതുപ്രവര്‍ത്തകരുടെ ഇടയില്‍ വിവരം ലഭിക്കുന്നത്.
2024 സെപ്റ്റംബര്‍ വരെ മിക്ക ദിവസങ്ങളിലും മാതാപിതാക്കളുമായി ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്ന സൗരവ് ഫെബ്രുവരി വരെ വല്ലപ്പോഴും മാത്രമാണ് ബന്ധപ്പെട്ടിരുന്നത്. ഫെബ്രുവരിക്ക് ശേഷം സൗരവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നത്തോടെയാണ് മാതാപിതാക്കള്‍ യുകെ മലയാളികളുടെ സഹായം തേടുന്നത്. തുടര്‍ന്ന് യുകെ മലയാളിയും പൊതുപ്രവര്‍ത്തകനുമായ അനീഷ് എബ്രഹാം ഏപ്രില്‍ 25ന് സൗരവിന്റെ ഫോട്ടോ ഉള്‍പ്പടെ സമൂഹമാധ്യമങ്ങത്തില്‍ പോസ്റ്റ് ചെയ്തു അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്തുണയുമായി വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റോയി ജോസഫ്, മവീഷ് വേലായുധന്‍, ജയ്‌സണ്‍ കല്ലട എന്നിവരും വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. വിവരങ്ങള്‍ അതിവേഗം യുകെ മലയാളികള്‍ക്കിടയില്‍ വൈറലായി പരന്നതോടെ വിവിധ സംഘടനകള്‍ സൗരവിനായുള്ള തിരച്ചില്‍ നടത്താനായി രംഗത്ത് എത്തുകയായിരുന്നു.
ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ചിത്രീകരിക്കപ്പെട്ടു എന്ന് കരുതുന്ന സൗരവിന്റെ വിഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടതോടെ അന്വേഷണങ്ങള്‍ ഈസ്റ്റ്ഹാം കേന്ദ്രീകരിച്ചു നടത്തുകയായിരുന്നു. ഈസ്റ്റ്ഹാം കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കൈരളി യുകെയുടെ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് സെക്രട്ടറി അനസ് സലാം കൂടി എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയായിരുന്നു. തുടര്‍ന്ന് 60 പേരടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും വ്യാഴാഴ്ച വൈകിട്ടോടെ ഈസ്റ്റ്ഹാമിന് സമീപമുള്ള സ്റ്റാഫോര്‍ഡില്‍ വെച്ച് സൗരവിനെ കണ്ടെത്തുകയുമായിരുന്നു. മുടിയും താടിയും നീട്ടി വളര്‍ത്തിയ നിലയില്‍ കാണപ്പെട്ട സൗരവിനെ ഇപ്പോള്‍ ഒരു മലയാളി വീട്ടമ്മ ഒരുക്കി നല്‍കിയ തത്കാലിക ഷെല്‍റ്ററില്‍ താമസിപ്പിച്ചിരിക്കുകയാണ്. പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളുടെ ഒറജിനല്‍ നഷ്ടപ്പെട്ടുവെങ്കിലും പകര്‍പ്പുകള്‍ ഹാജരാക്കി സൗരവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മലയാളി സമൂഹം.
ഇതിനായി തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹായം തേടുകയും, സുരേഷ് ഗോപിയുടെ നിര്‍ദ്ദേശ പ്രകാരം സൗരവിനെ കണ്ടെത്താന്‍ നേതൃത്വം നല്‍കിയവരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ രാജേന്ദ്ര പട്ടേല്‍ ഫോണില്‍ വിളിക്കുകയും ചെയ്തു. ചൊവ്വാഴ്ചയോട് കൂടി ഫ്‌ലൈറ്റ് ടിക്കറ്റ് ഉള്‍പ്പടെയുള്ള യാത്രാരേഖകള്‍ നല്‍കി സൗരവിനെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കുമെന്ന് അനസ് സലീം, അനീഷ് എബ്രഹാം എന്നിവര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ഓഫിസിന് നല്‍കിയ വിവരങ്ങള്‍ കൂടാതെ സംഭവത്തെ കുറിച്ച് മന്ത്രി നേരിട്ട് നടത്തിയ അന്വേഷണങ്ങളും ഇടപെടലുകളുമാണ് സൗരവിനെ നാട്ടില്‍ എത്തിക്കാനുള്ള വഴി എളുപ്പമാക്കിയതെന്നും ഇരുവരും പറഞ്ഞു. വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഈസ്റ്റ്ഹാമിലെ റസ്റ്ററന്റ് ഉടമയായ പ്രേമന്‍ അനന്തപുരം , കൈരളി യുകെ ഭാരവാഹികളായ ലൈലജ് രഘുനാഥ്, ജിബിന്‍ ജോസ്, വിശാല്‍ ഉദയകുമാര്‍, എംഎയുകെ ഭാരവാഹി ശ്രീജിത്ത് ശ്രീധരന്‍, ബാദുഷ കബീര്‍, ലാല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.