ലണ്ടന്‍: യഥാര്‍ത്ഥ സൈനിക ഹാര്‍ഡ്വെയറിനെ അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഫ്ളാറ്റ്-പായ്ക്ക് ഡെക്കോയ്കള്‍ ബ്രിട്ടീഷ് സൈന്യം യുക്രെയ്ന് കൈമാറിയെന്ന് ടൈംസിന്റെ റിപ്പോര്‍ട്ട്. റഷ്യന്‍ സേനയെ കബളിപ്പിക്കാനും മുന്‍നിരയിലുള്ള ആധുനിക ഉപകരണങ്ങളുടെ അളവ് പെരുപ്പിച്ചു കാണിക്കാനുമാണ് ഈ ശ്രമം ലക്ഷ്യമിടുന്നത്. റഷ്യയുടെ നിരീക്ഷണ, ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടാങ്കുകള്‍, പീരങ്കികള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയോട് സാമ്യമുള്ള 'ഐക്കിയ-ശൈലി' കിറ്റുകളാണ് യുക്രെയ്ന് ബ്രിട്ടണ്‍ കൈമാറിയിരിക്കുന്നത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിലെ വ്യവസായ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 20 പേരടങ്ങുന്ന ഒരു സംഘമായ ടാസ്‌ക്‌ഫോഴ്‌സ് കിന്‍ഡ്രെഡാണ് ഫ്ളാറ്റ് പായ്ക്ക് ഡെക്കോയ്കള്‍ നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ത്ഥ പകര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ അവര്‍ ഉപകരണങ്ങളുടെ ഡിജിറ്റല്‍ ചിത്രങ്ങളെയാണ് ആശ്രയിക്കുന്നത്.
ചില പകര്‍പ്പുകള്‍ ചലഞ്ചര്‍ 2 ടാങ്കുകള്‍, AS-90 സെല്‍ഫ് പ്രൊപ്പല്‍ഡ് തോക്കുകള്‍ തുടങ്ങിയ ഉപകരണങ്ങളോട് സാമ്യമുള്ളതാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഉപയോഗിച്ചിരുന്നവയില്‍ നിന്ന് ഡെക്കോയ്കള്‍ക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, റഷ്യയും ഡ്രോണ്‍ ആക്രമണങ്ങളില്‍ സജീവമായി ഡെക്കോയ്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് യുക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി കാറ്റെറിന ചെര്‍ണോഹൊറെങ്കോ പറഞ്ഞതായി ദി ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നിലേക്ക് ആയുധ കയറ്റുമതി നടത്തുന്നതിനെതിരെ റഷ്യ രംഗത്ത് വന്നു. അവര്‍ സംഘര്‍ഷം നീട്ടിക്കൊണ്ടുപോകുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചു.