സമരങ്ങളുടെയും സേവനത്തിലെ സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഷ്ടപ്പെടുകയാണ്. ഇതിനിടയിലും ചില ട്രസ്റ്റുകളില്‍ ശരാശരിയേക്കാള്‍ കൂടുതലായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 2024 ഡിസംബര്‍ മുതല്‍ കഴിഞ്ഞ നവംബര്‍ വരെയുള്ള കാലയളവില്‍ ഒന്‍പത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ രോഗികളുടെ മരണനിരക്ക് 30 ശതമാനത്തോളം ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്ത് 30 ദിവസത്തിനകം മരിച്ചവരെയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേവനത്തിലെ ന്യൂനതയല്ലെങ്കിലും കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു.
ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ഏറ്റവും ഉയര്‍ന്ന മരണസംഖ്യ. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലും ക്ലിഫ്ടണ്‍ ഹോസ്പിറ്റലും ഉള്‍പ്പെടുന്ന ഈ ട്രസ്റ്റില്‍ 31.9 ശതമാനം അധിക മരണങ്ങളാണ് രേഖപ്പെടുത്തിയത്. മെഡ്വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ 30 ശതമാനത്തിന് മുകളിലാണ് മരണനിരക്ക്. 28.8 ശതമാനവുമായി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് മൊര്‍കാംബ് ബേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്.
2023-24 വര്‍ഷത്തെ പട്ടികയിലും ഇടംപിടിച്ച നാല് ട്രസ്റ്റുകള്‍ ഇക്കുറിയും ലിസ്റ്റിലുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു. കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ഈസ്റ്റ് ചെഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ്, ഈസ്റ്റ് ലങ്കാഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, മെഡ്വെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയാണ് അത്. വിദഗ്ധര്‍ പറയുന്നതനുസരിച്ച്, മരണനിരക്കിലെ ഈ വര്‍ധനവ് സേവനത്തിലെ വീഴ്ചകളെ സൂചിപ്പിക്കുന്നില്ലെങ്കിലും, രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.