കോക്ക്‌ബേണ്‍: വെസ്റ്റിന്‍ഡീസിലെ ബ്രിട്ടിഷ് ഓവര്‍സീസ് ടെറിട്ടറി ദ്വീപുകളായ ടര്‍ക്‌സ് ആന്‍ഡ് കൈകോസില്‍ മലയാളി അന്തരിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സുബിന്‍ ജോര്‍ജ് വര്‍ഗീസ് (41) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.51 ന് ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയിലെ നഴ്‌സായ ബിന്‍സിയാണ് ഭാര്യ. മക്കള്‍: ഹന്ന, എല്‍സ, ജുവല്‍. പത്തനാപുരം പിടവൂര്‍ മലയില്‍ ആലുംമൂട്ടില്‍ പി.ജി. വര്‍ഗീസ്, കുഞ്ഞുമോള്‍ എന്നിവരാണ് സുബിന്റെ മാതാപിതാക്കള്‍.
സഹോദരങ്ങള്‍: സിബിന്‍ വര്‍ഗീസ് (അജ്മാന്‍, യുഎഇ), റോബിന്‍ വര്‍ഗീസ് (മാഞ്ചസ്റ്റര്‍, യുകെ). നാട്ടില്‍ പിടവൂര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിലെ ഇടവകാംങ്ങളാണ് സുബിനും കുടുംബവും. ജോലി ലഭിച്ചതിനെ തുടര്‍ന്ന് 10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുബിനും കുടുംബവും യുകെയുടെ നിയന്ത്രണത്തിലുള്ള ടര്‍ക്‌സ് ആന്‍ഡ് കൈകോസ് ദ്വീപുകളില്‍ ഒന്നായ പ്രൊവിഡെന്‍ഷ്യല്‍സ് ദ്വീപില്‍ എത്തുന്നതും താമസം ആരംഭിക്കുന്നതും. ഏകദേശം ഇരുപതോളം മലയാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങള്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.